പ്രണയിച്ചു വിവാഹം ചെയ്തതിനെത്തുടര്‍ന്ന് കാണാതായ ദമ്പതികളിലൊരാളെ പോലീസ് രക്ഷപ്പെടുത്തി

ജമ്മു :പ്രണയിച്ചു വിവാഹം ചെയ്തതിനെത്തുടര്‍ന്ന് കാണാതായ ദമ്പതികളിലൊരാളെ പോലീസ് രക്ഷപ്പെടുത്തി. കഠുവ ജില്ലയിലെ മന്യേരി സ്വദേശിയായ ഷൗക്കത്ത് അലി എന്നയാളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയത് ഭാര്യയുടെ ബന്ധുക്കളാണെന്ന് രക്ഷപ്പെട്ട യുവാവ് പറഞ്ഞു. അതേസമയം ഷൗക്കത്തലിയുടെ ഭാര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഓഗസ്റ്റ് 16 മുതലാണ് ഇവരെ കാണാതായത്. ഇതിന് പിന്നാലെ ചിലര്‍ സംഘം ചേര്‍ന്ന് യുവാവിനെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൗക്കത്തിനെ രക്ഷപ്പെടുത്തിയത്. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചവരെ പിടികൂടാനായിട്ടില്ല. തങ്ങള്‍ എത്തിയപ്പോഴേക്കും അവര്‍ ഓടി രക്ഷപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം.കാണാതാകുന്നതിന് മൂന്നുദിവസം മുമ്പ് മാത്രമാണ് ഇവര്‍ വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയും കോടതിയുടെ സഹായത്തോടെ വിവാഹിതരാവുകയുമായിരുന്നു. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്. ഭാര്യയെ അവരുടെ ബന്ധുക്കള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് യുവാവ് പറയുന്നത്.

 

കടപ്പാട്  മാതൃഭൂമി