ഹെയർഡൈ ഉപയോഗിച്ചു; തല ബൾബ് പോലെയായെന്നു യുവതി

Naduvil News Android APP

സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കു പുറകേ കണ്ണുമടച്ച് പായുന്നവർ തന്റെ അവസ്ഥയൊന്നു കാണണമെന്നു പറഞ്ഞുകൊണ്ടാണ് ആ യുവതി രംഗത്തുവന്നത്. ഒരു ഹെയർ ഡൈയിൽ നിന്നുള്ള അലർജി തന്റെ ജീവിതം തന്നെ മാറ്റി മറിച്ചതിനെക്കുറിച്ചാണ് അവർ പറഞ്ഞത്. ഫ്രാൻസിൽ നിന്നുള്ള 19 വയസ്സുകാരി എസ്റ്റെല്ല പറയുന്നതിങ്ങനെ:-

”മുടി ഡൈ ചെയ്യുന്നതിനു മുൻപേ അലർജി ടെസ്റ്റ് നടത്താനായി വളരെ കുറഞ്ഞ അളവിലുള്ള ഡൈ ഞാൻ ഉപയോഗിച്ചു നോക്കി. പക്ഷേ പെട്ടെന്നു തന്നെ വല്ലാത്ത അസ്വസ്ഥത എന്റെ തലയോട്ടിയിലും മുഖത്തും എനിക്കനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ വൈദ്യസഹായം തേടി അലർജിക്കെതിരെയുള്ള ആന്റിബയോട്ടിക്കുകൾ കഴിച്ചു തുടങ്ങിയെങ്കിലും മുഖത്ത് നീരുവയ്ക്കുന്നത് തുടർന്നു. പിറ്റേദിവസം ഉറക്കമുണർന്നപ്പോൾ മുഖം 22 ഇഞ്ചിൽ നിന്ന് നീരുവച്ച് 24.48 ഇഞ്ചായി മാറിയിരിക്കുന്നു. അതുമാത്രമല്ല നാക്കുപോലും നീരുവച്ച് തൂങ്ങി. ഇതിനും പുറമേ ശ്വാസതടസ്സവും കൂടിയായി”.

തുടർന്ന് അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശനം തേടുകയും അടിയന്തിര ചികിൽസയ്ക്ക് വിധേയയാകുകയും ചെയ്തു. അതിനു ശേഷമാണ് മുഖത്തെ നീര് അൽപമെങ്കിലും കുറയാൻ തുടങ്ങിയത്. ആശുപത്രിക്കിടക്ക വിട്ടയുടൻ തന്നെ തന്റെ അനുഭവം മറ്റുള്ളവരെ അറിയിക്കാനാണ് എസ്റ്റെല്ല തിടുക്കം കൂട്ടിയത്. അതിനു കാരണമായി അവർ പറയുന്നതിങ്ങനെ :- ” മരിച്ചു പോകും എന്നുതന്നെയാണ് ഞാൻ കരുതിയിരുന്നത്. എന്റെ അനുഭവം മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയുന്നത്– എസ്റ്റെല്ല പറയുന്നു.

ഹെയർ ഡൈയിലടങ്ങിയിരിക്കുന്ന പാരഫെനലിൻഡയ്മിൻ എന്ന രാസവസ്തുവിൽ നിന്നുള്ള അലർജി മൂലമാണ് തനിക്കിങ്ങനെയൊരവസ്ഥ വന്നതെന്നാണ് എസ്റ്റെല്ല പറയുന്നത്. ഇത്തരത്തിലുള്ള അലർജികൾ സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. മാംസപേശികളുടെ ബലക്ഷയത്തിനും, ശ്വാസകോശ സംബന്ധമായ തകരാറുകൾക്കും, വൃക്കസംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്നും എസ്റ്റെല്ല പറയുന്നു.