വിദ്യാര്‍ഥികള്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി. യാത്രാപാസ് കിട്ടാന്‍ ദുരിതം


നടുവില്‍: കെ.എസ്.ആര്‍.ടി.സി.യുടെ സൗജന്യ യാത്രാപാസ് എടുക്കാനെത്തുന്നവര്‍ക്ക് ജില്ലാ ഡിപ്പോയില്‍ ദുരിതം. ബുധനാഴ്ച മാത്രമാണ് പാസ് പുതുക്കിനല്‍കുന്നത്. അതുതന്നെ രാവിലെ 10 മണി മുതല്‍ ഒരുമണി വരെ മാത്രം.

മലയോരമേഖലയില്‍ നിന്നെത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ സംവിധാനംമൂലം കൃത്യമായി പാസ് മാറ്റിയെടുക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞദിവസം രാവിലെ തന്നെ നീണ്ട ക്യൂ ആയിരുന്നു. രാവിലെ 10 മണിക്ക് എത്തിയവര്‍ തിരിച്ചുപോയത് വൈകുന്നേരം നാലുമണിക്കുശേഷം. ആവശ്യത്തിന് ജീവനക്കാരെ ഈ വിഭാഗത്തില്‍ നിയമിച്ചിട്ടില്ല. ഇരിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്.