വഴിയടഞ്ഞ് പാലക്കയംതട്ട് വിനോദ സഞ്ചാര കേന്ദ്രം അപകട വഴിയിൽ യാത്ര

നടുവിൽ: പാലക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡുകൾ പാടെ തകർന്നു.പ്രധാനപ്പെട്ട മൂന്ന് റോഡുകളിലൂടെയും ജീപ്പുകളല്ലാത്ത മറ്റ്  വാഹനങ്ങൾ ഓടാത്ത സ്ഥിതിയാണിപ്പോൾ. ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന സന്ദർശകർക്ക് ടാക്സി ജീപ്പുകളെ ആശ്രയിച്ചു മാത്രമെ ഇതുമൂലം പാലക്കയത്തെത്താൻ കഴിയൂ.

 മണ്ടളത്തു നിന്ന് ചേറ്റടി മൈക്കാട് വഴിയും, പുലിക്കുരുമ്പയിൽ നിന്ന് കൈതളം വഴിയും കോട്ടയം തട്ടിലെത്തുന്നതാണ് രണ്ട് റോഡുകൾ. കൗന്തി കവലയിൽ നിന്ന് മഞ്ഞുമല വഴി പാലക്കയത്തെത്തുന്ന മറ്റൊരു റോഡുമുണ്ട്.

 മൂന്ന് റോഡുകളും തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്.വീതി കുറഞ്ഞ് വളവു തിരിവുകൾ ഉള്ള റോഡിൽ ഓട്ടോ റിക്ഷകളും, കാറുകളും ഇരുചക്ര വാഹനങ്ങളും മുന്നോട്ടു പോകാനാവാതെ വഴിയിൽ കുടുങ്ങുന്നതായി പരാതി ഉണ്ട്. റോഡുകൾ നന്നാക്കുവാൻ അധികൃതർ ശ്രദ്ധ കാണിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു.

 കോട്ടയം തട്ടിൽ നിന്നും പാലക്കയത്തേക്കുള്ള ഒരു കിലോമീറ്റർ റോഡാണ് ഏറെ ദുർഘടം പിടിച്ചത്.ഒന്നരയടിയോളം താഴ്ചയിൽ ഒന്നിനോടൊന്ന് ചേർന്ന് വരുന്ന കുഴികളാണ് റോഡു മുഴുവൻ.ആടിയുലഞ്ഞാണ് ഇതുവഴിയുള്ള ജീപ്പുകളുടെ യാത്ര. മൂന്നിടങ്ങളിൽ കല്ലും മണ്ണും ഇടിഞ്ഞു കിടക്കുന്നുമുണ്ട്. സാഹസിക യാത്ര എന്ന രീതിയിലാണ് ജീപ്പുകാർ ഇവിടെയെത്തുന്ന യാത്രക്കാരെ വാഹനത്തിൽ കയറ്റുന്നത്.42 ജീപ്പുകൾ അവധി ദിവസങ്ങളിൽ പാലക്കയത്ത് ഓടുന്നുണ്ട്.കോട്ടയം തട്ടിൽ നിന്ന് മുന്നൂറ് രൂപയും മണ്ടളം, പുലിക്കുരുമ്പ എന്നിവിടങ്ങളിൽ നിന്ന് 600 രൂപയും വരെ ഒരു ഭാഗത്തേക്ക് വാങ്ങുന്നതായി സഞ്ചാരികൾ പറയുന്നു. തിരിച്ചുള്ള യാത്രക്കും ഇതേ തുക ചെലവിടണം. ഏകീകൃതമായ വാടക നിശ്ചയിച്ച് ജീപ്പുകളിൽ പ്രദർശിപ്പിക്കുവാൻ പോലീസ് നടപടി എടുക്കണമെന്ന  ആവശ്യം ഉയർന്നിട്ടുണ്ട്. ഗതാഗത യോഗ്യമല്ലാത്ത റോഡുകൾ കാരണമാണ് ഇത്ര വലിയ തുക കൊടുക്കേണ്ടി വരുന്നത്. കൂടുതൽ ട്രിപ്പുകൾ എടുക്കാൻ അമിത വേഗത്തിലാണ് തകർന്ന റോഡിലൂടെ ജീപ്പുകളുടെ യാത്ര. സ്വകാര്യ വാഹനങ്ങളിൽ വരുന്നവരെ ബുദ്ധിമുട്ടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ഡ്രൈവർമാരുമുണ്ട്.എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ് ഉള്ളത്.വേഗത നിയന്ത്രിക്കാനോ ജീപ്പുകളുടെ അമിത ചൂഷണം അവസാനിപ്പിക്കുവാനോ സംവിധാനമൊന്നുമില്ല.

 മൂന്ന് വർഷം മുമ്പാണ് വിനോദ സഞ്ചാര കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇത്രയും കാലമായിട്ടും റോഡുകൾ നന്നാക്കാത്തത് ഒത്തുകളിയാണെന്നാണ് അക്ഷേപം.ഒരു കോടി രൂപ പല തരത്തിലുള്ള നിർമാണങ്ങൾക്കായി പാഴാക്കിയിട്ടുമുണ്ട്.

കാറുമായി വരുന്നവർ ശ്രദ്ധിക്കാൻ

പാലക്കയം തട്ടിലേക്ക് കാറു പോലുള്ള വാഹനങ്ങളിൽ വരുന്നവർ പുലിക്കുരുമ്പയിലോ,മണ്ടളത്തോ യാത്ര അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്.തകർന്ന റോഡിൽ നിരവധി വാഹനങ്ങൾ യാത്ര പൂർത്തിയാക്കാനാവാതെ വഴിയിൽ കുടുങ്ങുന്നതായി പരാതി ഉണ്ട്.മണ്ടളം വഴി വരുന്നവർക്ക് മൈക്കാട് എന്ന സ്ഥലം വരെയേ യാത്ര തുടരാൻ പറ്റൂ.പുലിക്കുരുമ്പ കൈതളം വഴി വഴിയാണെങ്കിൽ ഏറെ ബുദ്ധിമുട്ടി കോട്ടയം തട്ടിൽ എത്താൻ പറ്റും.ഈ റോഡും സുരക്ഷിതമല്ല. കുടിയാന്മലയിൽ നിന്ന് തുരുമ്പി കുരിശ് കവലയിലെത്തി കോട്ടയം തട്ടിൽ എത്തിച്ചേരാനുള്ള റോഡാണ് കുറച്ചെങ്കിലും നല്ലതായിട്ടുള്ളത്. കോട്ടയം തട്ടിൽ എത്തുന്നവർക്ക്  ടാക്സി ജീപ്പുകളിലോ നടന്നോ മാത്രമെ പാലക്കയത്ത് എത്താൻ സാധിക്കൂ.