വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നടുവില്‍ വില്ലേജ് ഓഫീസ് മാറ്റാന്‍ നീക്കം.

നടുവില്‍: വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നടുവില്‍ വില്ലേജ് ഓഫീസ് മാറ്റാന്‍ നീക്കം. പഞ്ചായത്തോഫീസിനോട് ചേര്‍ന്ന കുടുംബശ്രീയുടെ ഓഫീസിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട ആലോചനായോഗം തിങ്കളാഴ്ച നടക്കും.
സ്വന്തം കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് പഴയ തീയേറ്ററിനടുത്തുള്ള വാടകക്കെട്ടിടത്തില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. എന്നാല്‍, ഈ കെട്ടിടത്തിന്റെ നിലയും പരിതാപകരമായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഇല്ല. ഫയലുകള്‍ സൂക്ഷിക്കാനാവാതെ ജീവനക്കാരും ബുദ്ധിമുട്ടി. ആറ് ജീവനക്കാര്‍ക്ക് നാലുമേശയാണ് ഓഫീസിലുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യമില്ല. എലിശല്യവും ചിതല്‍ശല്യവും കൂടി ആയതോടെ ഫയലുകള്‍ സുരക്ഷിതമല്ലാതാവുകയും ചെയ്തു.
വില്ലേജ് ഓഫീസിന്റെ സ്വന്തം കെട്ടിടം സമീപവാസികള്‍ക്ക് ഭീഷണിയായി എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഈ കെട്ടിടത്തിനു മുന്നില്‍ ചുവട് ദ്രവിച്ച വലിയ തണല്‍മരവും ആളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.
നടുവിലിലെ പി.ടി.കരുണാകരന്‍ നമ്പ്യാര്‍ സൗജന്യമായി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്താണ് കെട്ടിടമുള്ളത്.
പലതവണ മാധ്യമങ്ങളിലും മറ്റും വാര്‍ത്തകള്‍ വെന്നങ്കിലും പുതിയ കെട്ടിടം പണിയാന്‍ ഒരുനടപടിയും ഉണ്ടായില്ല. പഴയ കെട്ടിടം പൊളിച്ചുനീക്കാനും വേണ്ടപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഇരുനില കെട്ടിടം പണിയാനുള്ള നിര്‍ദേശം ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനം മാത്രമുണ്ടായില്ല.
ഒരുവര്‍ഷം മുമ്പാണ് കുടുംബശ്രീ ഓഫീസ് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ഈ കെട്ടിടവും നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങളോളം അടച്ചിട്ട നിലയിലായിരുന്നു. കുടുംബശ്രീയുടെ വിപണനകേന്ദ്രമെന്ന പേരില്‍ പണിത മൂന്ന് നില കെട്ടിടവും ഇതിനുസമീപത്ത് വെറുതെ കിടക്കുന്നുണ്ട്. പശ്ചിമഘട്ട പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയുടെ ഓഫീസായും മറ്റും ഉപയോഗിക്കുകയാണ് ഈ കെട്ടിടം. നൂറുകണക്കിന് ആളുകള്‍ ദിവസവും എത്തുന്ന വില്ലേജ് ഓഫീസിന്റെ ദയനീയസ്ഥിതി വലിയ പ്രതിഷേധം നാട്ടിലുണ്ടാക്കിയിട്ടുണ്ട്. ഒരുവശത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നതും ആക്ഷേപത്തിനിടയാക്കുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചായത്തിന്റെ പുതിയ ഭരണസമിതി വില്ലേജ് ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി തുടങ്ങിയത്.

RELATED ARTICLESനാടന്‍ ചാരായവും വാഷും പിടികൂടി കുടിയാന്മലയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തി; ശബരിമലയാത്രക്കാര്‍ വലയുന്നു അപകടക്കെണിയായി റോഡരികിലെ കുഴി ഒറ്റദിവസത്തെ സമരം: നടുവിലില്‍ 10,000 ലിറ്റര്‍ പാല്‍ സംഭരിച്ചില്ല അധ്യാപകര്‍ സെന്‍സസ് ജോലിയില്‍; സ്‌കൂളുകളില്‍ അധ്യയനം മുടങ്ങുന്നു