മുള പൂക്കും കാലമെത്തി

സെപ്തംബർ 18 ലോക മുളദിനം
നടുവിൽ: കോരിച്ചൊരിഞ്ഞ മഴ മാറി വേനൽച്ചൂട് കനത്തപ്പോൾ മുളങ്കൂട്ടങ്ങൾക്ക് പൂക്കാലം.കാർത്തിക പുരം പുഴക്കരയിലാണ് മുളകൾ പൂത്തത്. ദൂരെനിന്ന് നോക്കിയാൽ ഇലകൾ വാടിയുണങ്ങിയതെന്നേ തോന്നുവെങ്കിലും അടുത്തെത്തിയാൽ നെൽക്കതിരിന്റെ സ്വർണവർണമാണ്.നാലു മാസം കൊണ്ട് പൂക്കാലം തീർന്ന് മുളയരികൾ പാകമാകും.ഇതോടെ മുളന്തണ്ട് ഉണങ്ങിനശിക്കും. മുളയരി വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്.ഇതിന്റെ അരി കണ്ടാൽ ഗോതമ്പ്‌ പോലെ തോന്നുമെങ്കിലും സ്വാദിലും ഗുണത്തിലും നെല്ലരിപോലാണ്. അൽപം മധുരം കൂടുതലുണ്ട്. അരികൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇതുകൊണ്ടും ഉണ്ടാക്കാം. മുളയരിക്കഞ്ഞി, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ആസ്തമ പോലുള്ള  രോഗങ്ങൾക്ക്  ഒൗഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ.ശരീരം പുഷ്ഠിപ്പെടാനും നല്ലതത്രെ.

വയനാട്ടിൽ ഇത് വ്യാപകമായി വിൽപ്പന നടത്തുന്നു. 200 മുതൽ 400 രൂപ വരെയാണ് കിലോക്ക് വില.എന്നാൽ വയനാടിനു പുറത്ത് മുളയരി ശേഖരിക്കുന്നത് പൊതുവെ കുറവാണ്. കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലും മുളയരി പാഴാവാറാണ് പതിവ്.

 

പച്ച സ്വർണം

  നമ്മുടെ ജീവിതവുമായി അടുത്തു നിൽക്കുന്നതിനാൽ പച്ച സ്വർണമെന്നാണ് മുളയെ വിശേഷിപ്പിക്കുന്നത്.പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള.ഒരു ദിവസം ശരാശരി ഒരു മീറ്റർ വരെ വളരും. ലോകത്താകെ 14 ദശലക്ഷം ഹെക്ടർ സ്ഥലത്ത് മുള വ്യാപിച്ചു കിടക്കുന്നുണ്ട്.ഇതൊരു ഏകപുഷ്പിയാണ്.എല്ലാ മുളകളും ഒന്നിച്ച് പൂക്കാറുണ്ട്. വിത്തുവിളഞ്ഞ ശേഷമാണ് കടയോടെ നശിക്കുക.

പൂക്കുന്നതിനു രണ്ടുവർഷം മുമ്പുതന്നെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതുമുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും. ആയുസ്സിൽ ഒരിക്കലേ പുഷ്പിക്കൂ.മുപ്പത് മുതൽ നാൽപ്പത് വർഷം വരെ കൂടുമ്പോഴാണ് പൂക്കുക.ഈർപ്പം കുറഞ്ഞ സ്ഥലത്തെ മുള 30 വയസ്സു കഴിഞ്ഞാൽ പൂക്കാൻ തുടങ്ങും. നനവുള്ള ഭൂമിയിൽ വളരുന്നവ 40 വർഷം വരെ പൂക്കാതെ കാണാറുണ്ടെന്നും പഴമക്കാർ പറയുന്നു. ചില അലങ്കാരമുളകളും മറ്റും നേരത്തെ പൂക്കാറുണ്ട്.

മുളയുടെ പരിസ്ഥിതിക പ്രസക്തിയും ഉപയോഗ യോഗ്യതയും ഓർമിപ്പിക്കുന്നതിനാണ് ലോകമാകെ  മുളദിനം ആചരിക്കുന്നത്.2009 ൽ ബാങ്കോക്കിൽ വേൾഡ് ബാംബു ഓർഗനൈസേഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് സെപ്തംബർ 18 മുളദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത്.