മഴ മാറിയിട്ടും മനം തെളിയാതെ റബ്ബർ മേഖല

കനത്ത ചൂടും പ്രതിസന്ധി ഉണ്ടാക്കുന്നു
നടുവിൽ: ഉണർവില്ലാതെ ഉറക്കം തൂങ്ങി റബ്ബർ ഉത്പാദന മേഖല.ഒക്ടോബർ മാസം എത്താറായിട്ടും ബഹു ഭൂരിപക്ഷം തോട്ടങ്ങളിലും ടാപ്പിങ്ങ് തുടങ്ങിയിട്ടില്ല. വ്യാപാര മേഖലയിലും ആളനക്കമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കർഷകരെ ബാധിച്ചിട്ടുണ്ട്.

 മഴയെ തുടർന്ന് ഏപ്രിൽ ഒടുവിലോടെ ടാപ്പിങ്ങ് നിർത്തിയതാണ് മിക്ക തോട്ടങ്ങളിലും.മുൻകാലങ്ങളിൽ റെയിൻ ഗാർഡിട്ട് ടാപ്പിങ്ങ് നടത്തിയിരുന്ന തോട്ടങ്ങളായിരുന്നു ഏറെയും. മുമ്പ് വർഷത്തിൽ പത്തു മാസവും റബ്ബർ കൃഷിയിലൂടെ വരുമാനം കിട്ടിയിരുന്നതായി കർഷകർ പറയുന്നു.അത്തരം തോട്ടങ്ങൾ പേരിനു പോലും കാണാനില്ലാത്ത അവസ്ഥയാണ്.അനുബന്ധ സാമഗ്രികളുടെ വിലയും തൊഴിലാളിയുടെ കൂലിയും കൊടുത്താൽ കൃഷിക്കാരന് ഒന്നും ബാക്കിയുണ്ടാവാത്തത് മഴക്കാല ടാപ്പിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ രംഗത്ത് വൈധ ഗ്ധ്യമുള്ള തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പുതിയ തലമുറയിൽ നിന്ന് ആരും ടാപ്പിങ്ങ് തൊഴിൽ പഠിക്കുവാൻ തയ്യാറാവുന്നില്ല.

സാധാരണ ഓണക്കാലത്തോടെ റബ്ബർ വ്യാപാര രംഗം സക്രിയമാകാറുണ്ട്.ഒരു ടൺ റബ്ബർ ശരാശരി എത്തിയിരുന്ന നടുവിൽ ടൗണിലെ മലഞ്ചരക്ക് കടയിൽ ഒരു ക്വിൻറൽ റബ്ബർ പോലും ഇപ്പോൾ എത്തുന്നില്ല.

 തുലാവർഷം കനത്തേക്കുമോ എന്ന ആശങ്കയും ടാപ്പിങ്ങ് തുടങ്ങാത്തതിന് കാരണമാണ്.

 ടാപ്പിങ്ങ് തുടങ്ങിയ തോട്ടങ്ങളിൽ വൻ ഉത്പാദനക്കുറവാണ് ഉണ്ടായിട്ടുള്ളത്.ഏറ്റവും കൂടുതൽ പാല് ലഭിക്കേണ്ട സമയമായിട്ടു പോലും മുൻകാലങ്ങളെ അപേക്ഷിച്ച് പകുതിയിലും കുറവാണ് ഉത്പാദനം. മഴ മൂലം മരങ്ങൾ ഇലപൊഴിച്ചു നിൽക്കുകയാണ്.കനത്ത ചൂട് കൂടി എത്തിയതോടെ തീർത്തും ആങ്കയിലാണ് കർഷകർ.

 നിലവിൽ വിലയിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.