മലയോര ഹൈവേയിൽ അപകടം താവുന്ന് വളവിൽ പാഴ്സൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

നടുവിൽ: നടുവിൽ -കരുവഞ്ചാൽ മലയോര ഹൈവേയിൽ താവുന്ന് കാര്യാട്ട് വളവിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു.ലോറിയുടെ ക്ലീനർ ഗുണ്ടൂർ സത് നാപ്പള്ളി സ്വദേശി കോത്തേശ്വര (35) ആണ് മരണപ്പെട്ടത്.ഇയാളെ തിരിച്ചറിയാൻ രാത്രി വൈകിയും കഴിഞ്ഞിരുന്നില്ല.ഡ്രൈവർ ആന്ധ്ര ഗുണ്ടൂർ സ്വദേശി ആഞ്ജനേയലു(66)വിനെ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് മരണപ്പെട്ട ക്ലീനർ ലോറിയിൽ കയറിയതെന്നും അയാളുടെ പേരറിയില്ലെന്നുമാണ് ഡ്രൈവർ പോലീസിന് മൊഴി നൽകിയത്.ഇയാൾ കൂടുതൽ സമയവും അബോധാവസ്ഥയിൽ കഴിയുകയാണ്.

ആന്ധ്രയിൽ  നിന്ന് വീട് നിർമാണ സാമഗ്രികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.ചൊവ്വാഴ്ച രാവിലെ 10.30-നാണ് സംഭവം.തൊഴിലാളികൾ ഇരുവരും ക്യാബിനിൽ കുടങ്ങി കിടക്കുകയായിരുന്നു.

 തളിപ്പറമ്പിൽ നിന്ന് അഗ്നി രക്ഷാ സേനയുടെ യൂണിറ്റെത്തി ക്യാബിൻ മുറിച്ചുനീക്കിയാണ് രണ്ടു പേരെയും പുറത്തെടുത്തത്.ലോറി അപകടസ്ഥലത്തു നിന്ന് ഉയർത്താൻ കഴിയാത്തതും യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി.ഇതുമൂലം യാത്രാ സംബന്ധമായ രേഖകളൊന്നും പോലീസിന് കിട്ടിയിട്ടില്ല. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.അപകടം നടന്ന വളവ് ഇരുപതടിയോളും കെട്ടിയുയർത്തി വീതികൂട്ടി നിർമിച്ചതാണ്.ഏതാനും അടി മുന്നോട്ടു പോയാൽ വലിയ കൊക്കയിലേക്ക് ലോറി മറിയുമായിരുന്നു.ടാറിങ്  നടന്നുവെന്നല്ലാതെ അനുബന്ധ പണികളൊന്നും മാസങ്ങളായിട്ടും ഇവിടെ നടന്നിട്ടില്ല.