മലയോര ഹൈവേ;കടക്കാൻ കടമ്പകളിനിയും ഇഴഞ്ഞു നീങ്ങി നിർമാണം

നടുവിൽ: പുത്തൻ റോഡിൽ അപകടം നടന്നതിന്റെ ഞെട്ടലിലാണ് നടുവിൽ പ്രദേശം.ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഏറെ പരിശ്രമിച്ച് നിർമിച്ച റോഡിലാണെന്നതാണ് കാരണം. വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ തുടങ്ങിയിട്ടേയുള്ളു. ദ്രുതഗതിയിൽ നടന്നു വന്നിരുന്ന മലയോര ഹൈവേയുടെ അവസാന ഘട്ട ജോലികൾ ഇപ്പോൾ ഇഴയുകയാണ്. ഇതുമൂലം റോഡിൽ അപകടങ്ങൾ പെരുകുന്നതായി പരാതി ഉയർന്നു. നടുവിലിനും കരുവഞ്ചാലിനുമിടയിലുള്ള 7 കിലോമീറ്റർ ദൂരം കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയാക്കാനായി ലക്ഷ്യമിട്ടു തുടങ്ങിയതാണ്.മഴയെ തുടർന്ന് പണി വൈകി.മഴ മാറി ദിവസങ്ങൾ പിന്നിട്ടിട്ടും നിർമാണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. അറക്കൽ താഴെ,താവുന്ന് പാലം, വായാട്ടുപറമ്പ് എന്നിവിടങ്ങളിൽ തർക്കങ്ങൾ മൂലം ഒഴിച്ചിട്ട സ്ഥലങ്ങളിൽ ഇനിയും ടാറിങ് നടന്നിട്ടില്ല. റോഡിന്റെ ഒരു വശത്ത് മാത്രം ടാർ ചെയ്യാതെ ഒഴിവാക്കിയ ഭാഗങ്ങളും ഉണ്ട്. ചൈതന്യ നഗറിൽ വീതി കൂട്ടാൻ തുടങ്ങിയ പണിയും പൂർത്തിയായില്ല.കഴിഞ്ഞ ദിവസം നടുവിൽ ടൗണിൽ ടാറിങ് നടന്നെങ്കിലും തുടർന്നുള്ള പണി നിലച്ചിരിക്കുകയാണ്.

ദീർഘ ദൂരങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ റോഡിന്റെ സ്ഥിതിയറിയാതെ ഇതു വഴി വരികയും അപകടത്തിൽ പെടുകയുമാണ് ചെയ്യുന്നത്.ടാറിങ് ചെയ്ത ഭാഗത്തുനിന്ന് ചെയ്യാത്ത ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ ഒരടിയോളം ഉയർന്നും താണും കിടക്കുകയാണ്. ചിതറി കിടക്കുന്ന കല്ലുകൾ ബുദ്ധിമുട്ടാകുന്നതായും നാട്ടുകാർ പറയുന്നു.

കാര്യാട് വളവിൽ അപകട സാധ്യത
ചൊവ്വാഴ്ച ലോറി മറിഞ്ഞ് ഒരാൾ മരണപ്പെടാനിടയാക്കിയ കാര്യാട് വളവിൽ  അപകട സാധ്യതയെന്ന് അഭിപ്രായം.താവുന്ന് കവലക്കും താവുന്നിനുമിടയിൽ ജീപ്പ് പോലും കടന്നു പോകാൻ ബുദ്ധിമുട്ടുന്ന റോഡാണ് ഹൈവേയുടെ ഭാഗമാക്കി മാറ്റിയെടുത്തത്. ഹെയർ പിൻ വളവുകളും കയറ്റിറക്കങ്ങളും ഉള്ളതിനാൽ മാസങ്ങൾ നീണ്ട പണിയാണ് 2കിലോമീറ്റർ ദൂരത്തിൽ ചെയ്തത്.

കാര്യാട് വളവിൽ റോഡിന്റെ ഒരരിക് 20 അടി ഉയരത്തിൽ അമ്പത് മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്ത് കെട്ടി ഉയർത്തുകയാണുണ്ടായത്.ഇവിടെ ഇരു വശത്തേക്കും പോകുന്ന വാഹനങ്ങൾ ശരിയായ രീതിയിൽ ഒടിഞ്ഞു കിട്ടുന്നില്ലെന്ന പരാതി ഉണ്ട്.

സൂചനാ ബോർഡുകളും സുരക്ഷാ വേലികളും എന്നു വരും?

 

മലയോര ഹൈവേയിൽ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ സൂചനാ ബോർഡുകളും സുരക്ഷാവേലികളും സ്ഥാപിക്കാൻ നടപടി ആയില്ല. വാഹനങ്ങൾ തിരക്ക് പിടിച്ച റോഡിലൂടെന്ന പോലാണ് ഇതിലൂടെ പോകുന്നത്. ഭാഷയറിയാത്തവരും ആദ്യമായി വരുന്നവരുമൊക്കെ ഇതിനാൽ ബുദ്ധിമുട്ടുകയാണ്.റോഡിൽ സൂചനാ വരകളില്ലാത്തതും അപകടം വർധിപ്പിക്കുന്നുണ്ട്.