മലയാളി വിദ്യാർഥിക്ക് പ്രധാനമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ്

അഞ്ച് വർഷത്തേക്ക് 55 ലക്ഷം രൂപ 
നടുവിൽ: മലയാളി വിദ്യാർഥിക്ക് 55 ലക്ഷം രൂപ വിലമതിക്കുന്ന പ്രധാനമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ്. കണ്ണൂർ നടുവിൽ സ്വദേശിയും ഗോവയിൽ നേവൽ ബേസിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറുമായ മഞ്ഞേരി മാണിക്കോത്ത് സതീശന്റെ മകൻ കെ.അശ്വിനാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.ബെംഗളുരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(ഐ.ഐ.എസ്.സി) ഗവേഷണ വിദ്യാർഥിയാണിപ്പോൾ അശ്വിൻ.സൗരോർജം ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ചാണ് ഗവേഷണം.

 ഫോട്ടോ വോൾടൈക്ക് സെല്ലിൽ  സൗരോർജം ഉപയോഗപ്പെടുത്തുന്നതിൽ പോരായ്മകൾ നിലനിൽക്കുന്നുണ്ട്. സൗരോർജ പാനൽ ഗ്രിഡിൽ കണക്റ്റു ചെയ്യുമ്പോഴും പലവിധ പ്രശ്നങ്ങൾ ഉണ്ടാവുന്നു.ഇവ പരിഹരിക്കുവാനാണ് ഗവേഷണത്തിലൂടെ ശ്രമിക്കുന്നത്. 

 ഗോവയിൽ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്ന അശ്വിൻ ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് സ്വർണമെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചത്.പ്ലസ് ടു പരീക്ഷയിലും കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഐ.ഐ.ടിയിലും ഐ.ഐ.എസ്.സിയും പഠനം പൂർത്തിയാക്കിവരുന്നവർക്ക് ഗവേഷണ പ്രർത്തനങ്ങൾ ചെയ്യുന്നതിനായാണ് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.കഴിവുറ്റ വിദ്യാർഥികളുടെ മികവ് രാജ്യത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

 സാധാരണ ഗവേഷണ വിദ്യാർഥികൾക്ക് പ്രതിമാസം ഇരുപത്തയ്യായിരം രൂപയാണ് ഗ്രാൻറ് ലഭിക്കുക. പ്രധാനമന്ത്രി ഫെല്ലോഷിപ്പ് ലഭിക്കുന്നവർക്ക് മാസം 70,000 രൂപ വീതം ആദ്യത്തെ രണ്ട് വർഷം ലഭിക്കും. മൂന്നാം വർഷം 75,000 വും നാലും അഞ്ചും വർഷം 80,000 രൂപയും കിട്ടും. ഇതിനു പുറമെ ഓരോ വർഷവും രണ്ട് ലക്ഷം രൂപ വീതം 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ഉണ്ടാവും.

  150 കുട്ടികൾക്കാണ് ഈ വർഷം ഫെല്ലോഷിപ്പ് ലഭിച്ചതെന്ന് അശ്വിൻ പറയുന്നു.ഇതിൽ മുപ്പത് കുട്ടികൾക്ക് മാത്രമാണ് ബെംഗളുരുവിലെ ഐ.ഐ.ടി, ഐ.ഐ.എസ്.സി.പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കുവാൻ അവസരം കിട്ടിയിട്ടുള്ളത്.

ഇക്കഴിഞ്ഞ പ്രളയകാലത്ത് നാവികസേനയുടെ കോസ്റ്റ് ഗാർഡിന്റെ ഹെൽപ്പ് ലൈനിൽ അച്ഛൻ സതീശനൊപ്പം അശ്വിൻ ദിവസങ്ങളോളം പ്രവർത്തിക്കുകയുണ്ടായി. നാലായിരത്തോളം പേരെ ഇതുവഴി സഹായിക്കാൻ കഴിഞ്ഞതായി ഇവർ പറയുന്നു.ധനലക്ഷ്മിയാണ് അമ്മ.തളിപ്പറമ്പ് പുളിമ്പറമ്പ് തോട്ടാറമ്പിലാണ് അശ്വിനും കുടുംബവും ഇപ്പോൾ താമസം.