പൈതലിലും കുറിഞ്ഞിക്കാലം ആകാശം തൊട്ട് കുറിഞ്ഞിപ്പൂക്കൾ

സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരമുണ്ട് പൈതൽ മലക്ക്.ദൂരെ കോടമഞ്ഞ് പുതച്ച് കുടക് മലനിരകൾ.സദാ വീശുന്ന തണുത്ത കാറ്റ്.നൂല് പൊഴിയുന്നതു പോലെ ഒട്ടുമിക്ക സമയങ്ങളിലും തൂവി ചെയ്യുന്ന മഴ.നീലക്കുറിഞ്ഞി ഇല്ലെന്നൊതൊഴിച്ചാൽ മൂന്നാറിലെത്തിയോ എന്ന് സംശയിച്ചു പോകാവുന്ന കാഴ്ചകളുടെ സാദൃശ്യം.നീലക്കുറിഞ്ഞി നൽകുന്ന കാഴ്ചയോളം എത്തില്ലെങ്കിലും കുറിഞ്ഞി പൂക്കലിന്റെ വിസ്ഫോടനത്തിലാണ് ഈ മലയും താഴ് വരയും.ആഗസ്ത് മാസത്തിൽ ഉരൽക്കുറിഞ്ഞി വിരിഞ്ഞതോടെ തുടങ്ങിയതാണ് പൂ വസന്തം. ഒടുവിൽ മയിൽപ്പീലിക്കുറിഞ്ഞി മൊട്ടിട്ട് ഓരോന്നായി വിടർന്നു തുടങ്ങിയിരിക്കുകയാണ്. 

 ഉരൽക്കുറിഞ്ഞിയുടെ നീല(സ്ട്രോബിലന്തസ് ലുപ്പിലനസ്)വെള്ള(സ്ട്രോബിലന്തസ് ഹെയ്നേനിയസ്),പച്ച നിറങ്ങളുള്ള പൂക്കളാണ് ഇതിൽ ഏറ്റവും കൂടുതൽ വിരിഞ്ഞിട്ടുള്ളത്. താഴ് വാരം മുതൽ പുൽമേടു വരെയുള്ള നടവഴികളുടെ ഇരുവശവും കാട്ടിനുള്ളിലും ഈ പൂക്കൾ നിറഞ്ഞു വിരിഞ്ഞിരിക്കുകയാണ്.ഇവയ്ക്കിടയിൽ മണിക്കുറിഞ്ഞി(സ്ട്രോബിലന്തസ് ട്രിസ്റ്റിസ്) ചെറുമണിക്കുറിഞ്ഞി എന്നിവയുമുണ്ട്. വെള്ള നിറമാണ് പൂക്കൾക്ക്. കുലയിൽ രണ്ടോ മൂന്നോ എണ്ണം ഉണ്ടാവുമെങ്കിലും കീഴോട്ട് നോക്കിയാണ് ഇരിപ്പ്. മണിക്കുറിഞ്ഞി എന്ന പേരിനു കാരണവും ഇതുതന്നെ. പത്തടിയോളം ഉയരത്തിൽ വളരുന്നവയാണ് ചെടികൾ.

 വനത്തിനു വെളിയിൽ പൊട്ടൻ പ്ലാവിൽ നിന്നും പൈതലിലേക്ക് വരും വഴി റോഡരികിൽ നാക്കു നീട്ടി ക്കുറിഞ്ഞിക്കൂട്ടം( സ്ട്രോബിലന്തസ് ഗാംബ്ലേയ്) കാണാം. വെള്ളനിറമാണ് ഇവയ്ക്കും.വനത്തിനുളളിൽ ഈ ചെടികൾ ഇല്ലെന്ന പ്രത്യേകതയുണ്ട്.

 പൈതൽ മലയുടെ താഴ്‌ വരയിൽ നീർച്ചാലുകളിലെ പാറകൾക്കിടയിൽ കുറിഞ്ഞി പൂക്കളിലെ വലിയ ഇനമായ മയിൽപ്പീലിക്കുറിഞ്ഞി പൂത്തു തുടങ്ങിയിട്ടുണ്ട്. 2010 ഒക്ടോബറിലാണ് ഈ ചെടികൾ മുമ്പ് പൂത്തത്( ബലേറിയ ഇൻവോളു ക്രാറ്റ). പശ്ചിമഘട്ട മലനിരകളിൽ മഹാരാഷ്ട്ര വരെയുള്ള സ്ഥലങ്ങളിൽ ഈ ചെടികളുണ്ട്. നീല ഇതളുകളും കഴുത്ത് ഭാഗത്ത് കടും ചുവപ്പും ഉള്ളതിനാലാണ് മയിൽപ്പീലി എന്ന പേര് കിട്ടിയത്. ചെടി മുഴുവൻ മൊട്ടിട്ടു നിൽക്കുകയാണിവ.ഇനി നീല വസന്തം തീർക്കുക ഈ പൂക്കളാണ്.

 പുൽമേട് തുടങ്ങുന്ന പൊടിക്കളത്തു നിന്ന് മഞ്ഞപ്പുല്ലിലേക്ക് പോകുന്ന നടവഴിക്കു മേലെ മലയുടെ ഒത്ത മുകളിലാണ് മൂന്നാറിനെ ഓർമിപ്പിക്കുന്ന ദൃശ്യമുള്ളത്.ഇവിടെ വെള്ളയും നീലയും ഇടകലർന്ന് കുറിഞ്ഞിപ്പൂക്കൾ(സ്ട്രോബിലന്തസ് സെയ്ന്തോമിയാന) വിസ്മയം തീർത്തിരിക്കുന്നു. കുടക് മലനിരകൾ ഒന്നൊന്നായി തെളിഞ്ഞു കാണുന്ന ഇടം കൂടിയാണിത്. കുന്നിന്റെ ചെരിവ് നിറയെ പൂത്തണിഞ്ഞ് നിൽക്കുകയാണ് കുറിഞ്ഞികൾ. താണും ചരിഞ്ഞും പറക്കുന്ന പൂമ്പാറ്റകളുടെയും തുമ്പികളുടെയും  പറുദീസ കൂടിയായിട്ടുണ്ട് മലമുടി.സ്ട്രോബിലന്തസ് സിലിയറ്റ ഇനത്തിലുള്ള കുറിഞ്ഞികളും ഇവിടെയുണ്ട്.സ്ട്രോബിലന്തസ് വാൽക്കേറി,മലബാറിക്കസ്, വാരിയൻസിസ്, കനാറിക്കസ് എന്നിവയും പൈതൽ മലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒട്ടേറെയിനം കുറിഞ്ഞികൾ വേറെയുമുണ്ട്. നാലും എട്ടും പന്ത്രണ്ടും വർഷത്തിൽ പൂക്കുന്നവയാണ് ഏറെയും.

 പശ്ചിമഘട്ട മലനിരകളിൽ അറുപത്തഞ്ചോളം ഇനത്തിലുള്ള കുറിഞ്ഞികൾ കണ്ടെത്തിയിട്ടുണ്ട്.ഇതിൽ പൈതൽമലയിൽ 14 ഇനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സ്ട്രോബിലന്തസ് സെയ്ന്തോമിയാനസ്, സ്ട്രോബിലന്തസ് കണ്ണനി, സ്ട്രോബിലന്തസ് മലബാറിക്കസ് എന്നിവ പുതുതായി കണ്ടെത്തിയതാണ്.പാലാ സെയ്ൻറ് തോമസ് കോളേജിന്റെ ഓർമക്കായാണ് സെയ്തോന്തോമിയാനസ് എന്ന പേര് നൽകിയത്.പെരിയാർ വന്യ ജീവി സങ്കേതത്തിലെ വാച്ച്മാനായ കണ്ണന്റെ ഓർമയ്ക്ക് കണ്ണിനി എന്നും.

വിത്ത് പാകമായാൽ ഏപ്രിൽ, മെയ് മാസത്തോടെ ചെടികൾ ഉണങ്ങി നശിക്കും.പിന്നെ പുതിയ തൈകളുണ്ടായി വളർന്ന് പൂക്കാനായുള്ള കാത്തിരിപ്പ്.

കുറിഞ്ഞികളെ കാക്കാൻ ആൻറണി

കുറിഞ്ഞികളെ കാക്കാൻ മലയിൽ ആൻറണിയുണ്ട്. പൈതൽ മലയുടെ കാവൽക്കാരനാണ് ആൻറണി മേനോൻപറമ്പിൽ.വനം വകുപ്പിലെ ജീവനക്കാരൻ.കുടിയാന്മല സ്വദേശി. വനത്തിലെ ചെടികളും പൂക്കളും ആൻറണിയുടെ കൂട്ടുകാരാണ്. കുറിഞ്ഞി പൂക്കാൻ തുടങ്ങിയതോടെ പൂക്കാലം ആൻറണിയുടേതുമായി.ഇങ്ങനെയൊരവസരം കിട്ടിയതിൽ സന്തുഷ്ടൻ. രാവിലെ മലയിലെത്തിയാൽ സന്ദർശകരെ നിരീക്ഷിച്ചും പൂക്കളെയും ചെടികളെയും പഠിച്ചും നീങ്ങുകയാണ് ഇദ്ദേഹം.മലയിലെ കുറിഞ്ഞിച്ചെടികളെല്ലാം ആന്റണിക്ക് മന:പാഠമാണ്. പൂക്കളും ചെടികളും സന്ദർശകർ നശിപ്പിക്കാതെ ആൻറണിയുടെ കണ്ണുകൾ കാക്കുന്നു.എങ്കിലും ചിലരെല്ലാം കണ്ണുവെട്ടിച്ചും മറ്റും കണ്ണാന്തളി പോലുള്ള ചെടികൾ കൊണ്ടു പോകുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

സന്ദർശക നിയന്ത്രണം
കുറിഞ്ഞികൾക്ക്  തുണയായി
കാട്ടുതീയുടെ പിടിയിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷം മുമ്പ് വരെ പൈതൽമല.പുൽമേടുകൾക്ക് തീയിടുന്നത് അനുഷ്ഠാനം പോലെ തുടർന്നു.വിനോദ സഞ്ചാര സാധ്യതകൾ ഉണ്ടായതോടെ തീ പിടിത്തം കൂടി.എപ്പഴും പച്ചയായിരിക്കാൻ വേനലിൽ പുൽമേടുകൾ കത്തിക്കുകയാണ് ചെയ്തിരുന്നത്.നായാട്ടുകാരും റിസോർട്ട്കാരുമൊക്കെയാണ് പിന്നിലെന്നായിരുന്നു പരാതി.പുതിയ പുല്ല് മുളച്ചു വരുമ്പോൾ വന്യമൃഗങ്ങൾ എത്തുമെന്നതാണ്  തീയിടുന്നതിനു കാരണം.

 മൂന്ന് പതിറ്റാണ്ടുകൊണ്ട് പൈതലിലെ ജൈവസമ്പത്ത് ചുരുങ്ങി. വന്യ ജീവികളും ചെടികളും പലതും ഇല്ലാതായി.

 വനം വകുപ്പ് കടുത്ത നിയന്ത്രണവുമായി വന്നതാണ് കുറിഞ്ഞി പൂക്കലിന്റെ ശക്തി കൂട്ടിയത്.സന്ദർശകരെ കടുത്ത വേനലിൽ കാട്ടിനുള്ളിലേക്ക് കടത്തി വിടുന്നില്ല. മദ്യം, പ്ലാസ്റ്റിക്ക് എന്നിവയും കൊണ്ടു പോകാൻ അനുവാദമില്ല. നഷ്ടപ്പെട്ട പല ജൈവസമ്പത്തുകളും തിരിച്ചെത്തുകയാണ് പൈതലിൽ.
ചിത്രങ്ങൾ:എ.വി.പ്രകാശൻ,നടുവിൽ
റിപ്പോർട്ട്: മോഹനൻ അളോറ