പൂ ചൂടി വൈതൽ മല

കണ്ണാന്തളിയും ചിറ്റേലവും കരിങ്കുറിഞ്ഞിയും പൂവിട്ടു

നടുവിൽ: പൂ ചൂടി വൈതൽമല.പച്ച വിരിച്ച മലനിരകളിലും ചുറ്റുമുള്ള കാട്ടിലും ഒട്ടേറെ ഇനത്തിലുള്ള ചെടികളാണ് പൂവിട്ടത്. പൊടിക്കളം മുതൽ പടിഞ്ഞാറെ അറ്റം വരെയുള്ള ഭാഗത്തെല്ലാം പൂക്കളുണ്ട്.

 നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് ധാരളമുണ്ടായിരുന്ന കണ്ണാന്തളി ചെടികൾ അവശേഷിക്കുന്ന അപൂർവ സ്ഥലങ്ങളിൽ ഒന്നാണിപ്പോൾ വൈതൽ. കാട്ടുപുകയില, ചെറു കണ്ണാന്തളി, കിലുക്കി, ചിറ്റേലം,പെക്റ്റിലസ് ജൈജാൻഷ്യ, പലതരത്തിലുള്ള കാശിത്തുമ്പകൾ എന്നിവയെല്ലാം പുൽമേട്ടിലുണ്ട്.

 മലയോട് ചേർന്ന വനത്തിലേക്ക് കടന്നാൽ ഉരൽക്കുറിഞ്ഞി, ഡോൾസ് ഷൂ തുടങ്ങിയ ചെടികളും പൂവിട്ടിരിക്കുകയാണ്.

 സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ഏതാനും വർഷങ്ങളായി കാട്ടുതീ മലയിൽ ഉണ്ടാവാറില്ല. ഇതു മൂലം ജൈവസമ്പത്തിലും വലിയ മാറ്റമാണ് വന്നത്.പൊടിക്കളത്തോടു ചേർന്ന ചതുപ്പിൽ വന്യമൃഗങ്ങളും കൂടുതലായി എത്തുന്നുണ്ട്.