പൂന്തോട്ടങ്ങളിൽ അഡീനിയം കാലം

നടുവിൽ: പൂന്തോട്ടങ്ങളിൽ അഡീനിയം ഒബേസിയുടെ ബോൺസായിക്ക് പ്രിയമേറുന്നു. മലയോര മേഖലയിൽ പ്രവർത്തിക്കുന്ന കാർഷിക നഴ്സറികളിൽ ആകർഷക ഇനങ്ങളിൽ ഒന്നാണ് അഡീനിയമിപ്പോൾ.പത്തു മുതൽ 20 വർഷം വരെ പ്രായമുള്ള ബോൺസായ് ചെടികൾ വിൽപനക്കുണ്ട്.ഇതിനു പുറമേ ചട്ടികളിൽ മുളപ്പിച്ചെടുത്ത ആയിരക്കണക്കിനു തൈകളും ഉണ്ട്.

 ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇളം ചുവപ്പുനിറമുള്ള പൂക്കള്‍ ഉണ്ടാവുന്ന ഇനമാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍, കടുംചുവപ്പ്, വെള്ള, റോസ്, കുങ്കുമം, എന്നീ വര്‍ണത്തില്‍ വെള്ളയും ചുവപ്പും കലർന്ന വൈറ്റ് ലോട്ടസ് സ്റ്റാർ, ബ്യൂട്ടിലേഡി, റെഡ്ഇന്ത്യന്‍ ഫ്രാഗ്രന്‍സ്, മിസ് ഇന്ത്യ തുടങ്ങിയ ഇനങ്ങളാണ് നഴ്സറികളിൽ ഉള്ളത്. അടുക്ക് ദളങ്ങളുള്ള തായ്‌ലന്‍ഡ് ചെടികളും കൂട്ടത്തിലുണ്ട്. 

 കടുംപച്ച നിറമുള്ള ഇലകളും സമൃദ്ധമായ പൂക്കളുമുള്ള ഇതിനെ ചൈനക്കാര്‍ ഭാഗ്യച്ചെടിയായി കരുതി വീട്ടില്‍ വളര്‍ത്തുന്നു. തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ഇത് മുടിയില്‍ ചൂടാറുമുണ്ട്.ജന്മദേശം അറേബ്യയാണെങ്കിലും മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇവ വളരുന്നു.ഡെസേർട്ട് റോസ് എന്നും പേരുണ്ട്.

 അമ്പത് വർഷക്കാലം ജീവിച്ചിരിക്കും അഡീനിയം.വിത്ത് തരിമണലിൽ പാകി മുളപ്പിച്ചെടുത്ത് സ്റ്റോൺ ഗ്രാഫ്റ്റിങ് വഴിയാണ് മികച്ച തൈകൾ ഉല്പാദിപ്പിക്കുന്നത്. 250 രൂപ മുതൽ മുകളിലോട്ടാണ് തൈകളുടെ വില.