പുനം കൃഷിയിടങ്ങളിൽ കൊയ്ത്തുമേളം

കൈവിടാതെ കാക്കുന്നത് ആദിവാസി വിഭാഗത്തിൽ പെട്ടവർ
നടുവിൽ: മലയോരത്ത് പുനം കൃഷിയിടങ്ങളിൽ കൊയ്ത്ത് തുടങ്ങി.നടുവിൽ കൃഷിഭവൻ പരിധിയിൽ മാത്രം 15 ഏക്കർ സ്ഥലത്ത് ഈ വർഷം പുനം കൃഷി ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം കൃഷിയുടെ അളവ് കൂടിയിട്ടുണ്ട്.അരങ്ങ്, താറ്റ്യാട്, ബക്കിരി മലകളിലാണ് പ്രധാന കൃഷി. .അരങ്ങിൽ 7 പേർ ചേർന്ന് 5 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.

   ചാമയും തുവരയും പച്ചക്കറികളും നെല്ലിനൊപ്പം കൃഷി ചെയ്യുന്നുണ്ട്.

 താറ്റ്യാട്ടെ പുതുശ്ശേരി നാരായണി, രോഹിണി, കല്ലാ ചാമൻ എന്നിവർ പതിറ്റാണ്ടുകളായി പുനം കൃഷി ചെയ്യുന്നവരാണ്. തലമുറകളായി കൈമാറി കിട്ടിയതാണ് നെൽവിത്തുകൾ.കയമയും പാൽക്കയമയും ആണ് പ്രധാന വിത്തുകൾ.

 അടിക്കാട് വെട്ടി തീയിട്ട് നിലമൊരുക്കി മഴയ്ക്ക് മുമ്പ് വിതക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. ആവശ്യത്തിന് സ്ഥലം കിട്ടാത്തതാണ് പ്രധാന തടസം.

 റബർ മരങ്ങൾ മുറിച്ചൊഴിഞ്ഞ മൂത്ത സ്ഥലങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. മോശമല്ലാത്ത വിളവ് എല്ലാ വർഷവും കിട്ടുന്നുണ്ടെന്ന് കർഷകർ പറയുന്നു.ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് കൃഷിക്കാർ.കൊയ്ത്തു കഴിഞ്ഞ ഉടനെ വിത്ത് പ്രത്യേകമായി പൊതി കെട്ടി സൂക്ഷിച്ചുവയ്ക്കും.

നെല്ലിനൊപ്പം ബാക്കിയായത് ചാമ മാത്രം

പഴയ തലമുറ പുനം കൃഷിയിൽ നെല്ലിനൊപ്പം പ്രധാന ധാന്യങ്ങളെല്ലാം കൃഷി ചെയ്തിരുന്നു.ചോളം,മുത്താറി, ചാമ, തിന എന്നിവ ഇതിൽ പെടും. റബറിന്റെ വരവോടെ പുനം കൃഷി കുറഞ്ഞു വന്നു.കാലം മാറിയപ്പോൾ വിത്തുകൾ പലതും നഷ്ടപ്പെട്ടു.ഇപ്പോൾ ചാമയും ചോളവും മാത്രമെ ബാക്കിയുള്ളു.തുവര,പയർ,മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവയും അപൂർമായി കൃഷി ചെയ്യുന്നുണ്ട്.