പി വാസുദേവൻ അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 ന്

പറശ്ശിനിക്കടവ്: സി.പി.എം നേതാവും  വിസ്മയ പാര്‍ക്ക് ചെയര്‍മാനുമായ പി.വാസുദേവന്‍ (70) നിര്യാതനായി. ഇന്ന് രാവിലെ പറശ്ശിനിക്കടവിലെ വീട്ടിൽ നിന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പോകും വഴിയായിരുന്നു നിര്യാണം. തളിപ്പറമ്പ നഗരസഭ മുന്‍ ചെയര്‍മാനാണ്.  ദീര്‍ഘകാലം സിപിഎം  ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും ആയിരുന്നു. ആന്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പാപ്പിനിശ്ശേരി റൂറല്‍ ബാങ്ക് പ്രസിഡന്റുമായിരുന്നു. മൃതദേഹം അഞ്ചുമണി വരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വിസ്മയ പാര്‍ക്കിലും ശേഷം പറശ്ശിനിക്കടവ് എ കെ ജി വായനശാലയിലും പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രി ഒമ്പതുമണി മുതൽ പറശ്ശിനിക്കടവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം നാളെ രാവിലെ 9 ന് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ സംസ്‌കാരം.പതിനൊന്ന് വര്‍ഷം തളിപ്പറമ്പ് ഏരിയാകമ്മിറ്റി അംഗമായിരുന്ന വാസുദേവന്‍ ഏറെക്കാലമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു വരികയായിുന്നു. 1967 മുതല്‍ 1980 വരെ ആന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അവിഭക്ത തളിപ്പറമ്പ് നഗരസഭയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 
പത്തുവര്‍ഷക്കാലം മൊറാഴ കല്ല്യാശ്ശേരി ബാങ്ക് പ്രസിഡന്റ്, അത്രയും വര്‍ഷക്കാലം തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രസിഡന്റ്, പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്.പറശ്ശിനി മടപ്പുരയ്ക്കല്‍ തറവാട്ടിലെ പരേതനായ അനന്തന്‍ മടയന്റെ മകള്‍ രമയാണ് ഭാര്യ. മകള്‍ സീമ നേരത്തെ മരണപ്പെട്ടു. മകന്‍: നിര്‍മ്മല്‍. ആദരസൂചകമായി ഇന്ന് 3 മണി മുതൽ ആന്തൂർ, തളിപ്പറമ്പ് നഗര സഭ പരിധിയിൽ ഹർത്താൽ ആചരിക്കും