നീലക്കടുവ ചിത്രശലഭങ്ങൾക്ക് ഇത് ദേശാടനകാലം

നടുവിൽ: നീലക്കടുവ ചിത്രശലഭങ്ങൾക്ക് ഇത് ദേശാടനകാലം.കൂട്ടമായി പറന്നെത്തുന്ന ശലഭങ്ങൾ മലയോരത്ത് കൗതുക കാഴചയാണി പ്പോൾ.

 നാട്ടിൻ പുറങ്ങളിൽ കാണപ്പെടുന്ന കിലുക്കി (ക്രോട്ടലേറിയ റെറ്റ്യൂസ) ചെടികളിൽ നിന്ന് നീരൂറ്റി കുടിക്കുന്നതാണ് നീലക്കടവയുടെ പ്രത്യേകത.ആൺ ശലഭങ്ങളാണ് ഇങ്ങനെ ചെയ്യുന്നത്. ശരീരത്തിൽ ഫെറമോൺ ഉത്പാദിപ്പിക്കുന്നതിനാണ് നീരൂറ്റുന്നത്. പെൺ ശലഭങ്ങളെ ആകർഷിക്കാൻ ഈ ഫെറമോണുകൾ സഹായിക്കും.

 തെക്കേ ഇന്ത്യയിലാണ് പ്രധാനമായും നീലക്കടുവകളെ കാണുന്നത്.ഇവയോട് സാദൃശ്യമുള്ള കരിനീലക്കടുവകളും ദേശാടനം നടത്താറുണ്ട്.കൂട്ടത്തിൽ അരളി ശലഭവും എരിക്കു തപ്പി ശലഭവുമുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് നീലക്കടുവ ദേശാടനം നടത്തുന്നത്. ശൈത്യകാലം എത്തുന്നതിന്റെ സൂചന കൂടിയാണ് ശലഭങ്ങളുടെ യാത്ര. തിരുമല ലിംനിയേസ് എന്നാണ് നീലക്കടുവയുടെ ശാസ്ത്രനാമം. വടക്കേ അമേരിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് ദേശാടനം നടത്തുന്ന മൊണാർക്ക് ശലഭങ്ങളുടെ രീതികൾ നീലക്കടുവയുടെ സഞ്ചാരത്തിനുണ്ടെന്ന് ശലഭ നിരീക്ഷകർ പറയുന്നു.