നടുവിൽ ബാങ്ക് ഭരണ സമിതി ഞായറാഴ്ച നിലവിൽ വരും

സി.പി.എം. പിൻവാങ്ങിയതു മൂലം തിരഞ്ഞെടുപ്പ് ഒഴിവായി
പ്രസിഡൻറ് സ്ഥാനം പങ്കിടും
ആദ്യ ഒരു വർഷം ബിജു ഓരത്തേൽ പ്രസിഡൻറ്
നടുവിൽ: നടുവിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനം പങ്കിടും.ആദ്യ ഒരു വർഷം കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറു കൂടിയായ ബിജു ഓരത്തേലും തുടർന്ന് നാല് വർഷം നിലവിലെ ബാങ്ക് പ്രസിഡൻറ് വിൻസൻറ് പല്ലാട്ടും പ്രസിഡൻറാവും.നേരത്തെ സാമുദായിക പരിഗണന വച്ചായിരുന്നു സ്ഥാനം പങ്ക് വച്ചിരുന്നത്.ഈ തിരഞ്ഞെടുപ്പോടെ അതിന് മാറ്റം വരികയാണ്. രണ്ട് മണ്ഡലം പ്രസിഡൻറുമാർ തന്നെ ബാങ്കിന്റെയും അധികാരത്തിലേക്ക് എത്തുന്നു എന്നതാണ് ഇത്തവണത്തെ മാറ്റം. നടുവിൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പില്ലാതെയാണ് ഇത്തവണ രൂപം കൊള്ളുന്നത്. മത്സരിക്കാൻ പത്രിക നൽകിയ ഇടത് സ്ഥാനാർഥികൾ പത്രികകൾ പിൻവലിക്കുകയായിരുന്നു.ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പില്ലാതെ ഭരണ സമിതി ഉണ്ടാവുന്നത്. സെപ്തംബർ 9 ആണ് തിരഞ്ഞെടുപ്പ് തീയ്യതി. ബാങ്കിന്റെ തുടക്കം മുതൽ യു.ഡി.എഫാണ് ഭരണം നിയന്ത്രിക്കുന്നത്.2008 ൽ സി.പി.എം.ശക്തമായി രംഗത്തു വന്നതിനെ തുടർന്ന് ബാങ്ക് തിരഞ്ഞെടുപ്പ് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ഊന്നേണ്ടതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങുന്നതെന്ന് സി.പി.എം.ലോക്കൽ സെക്രട്ടറി എം.രാജേഷ് പറഞ്ഞു.

 പതിമൂന്ന് അംഗങ്ങളുള്ള ഭരണസമിതിയിൽ കോൺഗ്രസ് 9, മുസ്ലിം ലീഗ് 3, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് കക്ഷി നില.

നിലവിൽ നടുവിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറുകൂടിയായ വിൻസന്റ് പല്ലാട്ടാണ് പ്രസിഡൻറ്.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്. അംഗങ്ങൾ: തങ്കച്ചൻ പുളിക്കൽ, ബിജു ഓരത്തേൽ, ബിജു പുതുപ്പറമ്പിൽ, വിൻസൻറ് ജോസഫ് പല്ലാട്ട്, ജെസി അട്ടാറിമാക്കൽ, തടത്തിൽ സുഗത രാജ്, സോജി തോമസ്,പി.പി.പ്രഭാകരൻ, തലക്കുളം ശശിധരൻ(കോൺ.ഗ്രസ്).സി.പി.അബുബക്കർ, കെ.പി.നൗഷാദ്, പി.പി.സൈനുദ്ദീൻ(മുസ്ലിം ലീഗ്). വെളുത്തേടത്ത് കാട്ടിൽ സെബാസ്റ്റ്യൻ(കേരള കോൺഗ്രസ്).

 

ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം നൽകും

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നടുവിൽ സഹകരണ ബാങ്ക് 5 ലക്ഷം രൂപ നൽകുമെന്ന് പ്രസിഡൻറ് വിൻസന്റ് പല്ലാട്ട് അറിയിച്ചു.