നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട്  ഡോക്ടർമാരെ അധികം നിയമിച്ചു

രണ്ട് സ്റ്റാഫ് നഴ്സുമാർക്കും നിയമനം
നടുവിൽ: നടുവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ രണ്ട് ഡോക്ടർമാരെ കൂടി നിയമിച്ചു.ഇതോടെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനം  രോഗികൾക്ക് കിട്ടും. ചെങ്ങളായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്തു വരുന്ന അസി. സർജൻ ഡോ.ബി.സായ്നാഥാണ്  നിയമനം ലഭിച്ച ഒരാൾ.തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ എൻ.എച്ച്.എം.ഡോക്ടർ.പി.ആർ.ശാലിനിയേയും നടുവിലിലേക്ക് മാറ്റിയിട്ടുണ്ട്.ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതു കൂടാതെ രണ്ട് സ്റ്റാഫ് നഴ്സുമാരെയും അധികമായി നിയമിച്ചു.

 ദിനം പ്രതി മുന്നൂറിലേറെ രോഗികൾ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്.മെഡിക്കൽ ഓഫീസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ഇതു മൂലം ജീവനക്കാരും രോഗികളും ഏറെ പ്രയാസപ്പെട്ടു വരികയാണ്.

 ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നടുവിൽ ലോക്കൽ കമ്മിറ്റി ആരോഗ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകുകയുണ്ടായി. പത്തു ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുകൊടുത്തിരുന്നു.രണ്ട് ഡോക്ടർമാരും വ്യാഴാഴ്ച ചുമതലയേൽക്കും. 9 മണി മുതൽ 1 മണി വരെയും 2 മണി മുതൽ 6 മണി വരെയുമാണ് ഡോക്ടർമാരുടെ സേവനം ലഭിക്കുക.