കാണാ കാഴ്ചയായി ചെമ്പകക്കായ

നടുവിൽ:കുഞ്ഞിമംഗലം തലായി പാലങ്ങാട് ഒതയോത്ത് തറവാട് ക്ഷേത്ര മുറ്റത്ത് ചെമ്പക മരം കായ്ച്ചു. അപൂർവമായി മാത്രമെ ഇങ്ങനെ ചെമ്പകം കായ്ച്ചു നിൽക്കുന്നത് കാണാറുള്ളു.ക്ഷേത്രമുറ്റങ്ങളിലുംവീട്ടുപറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ചെടിയാണ് ചെമ്പകം.കായ്ക്കാക്കാത്തതും അപൂർവമായി കായ്ക്കുന്നതുമായ ഇനങ്ങൾ ഇവയുടെ കൂട്ടത്തിലുണ്ട്.പൊതുവെ കേരളത്തിൽ ചെമ്പകക്കായ അത്ര പരിചിതമല്ല.

 ഒരു ഞെട്ടിൽ  എതിർ ദിശകളിലേക്ക് വളരുന്ന രണ്ട് കായകളാണുണ്ടാവുക. തുടക്കത്തിൽ കടും പച്ച നിറമാണ് കായകൾക്ക്. പുറന്തോട് കട്ടിയുള്ളതാണ്. ഒന്നിൽ 20 മുതൽ 100 വരെ വിത്തുകൾ കാണും. പാകമാകാൻ 8 മുതൽ 10 മാസം വരെ സമയം വേണം.

 ഉണങ്ങി പാകമാകുമ്പോൾ അടർന്നു നിൽക്കുന്ന കായ്കൾ കറങ്ങി കറങ്ങിയാണ് മണ്ണിലേക്ക് പതിക്കുന്നത്. അകത്തുള്ള വിത്തിനും ചിറകു പോലുള്ള ഭാഗമുണ്ട്. കാറ്റിൽ ദൂരേക്ക് പറന്നു വീഴാൻ ഇത് സഹായകമാണ്. മണ്ണിൽ വീഴുന്ന വിത്ത് മുളച്ച് പുതിയ തൈകൾ ഉണ്ടാവാറുണ്ട്. പൾമേറിയ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചെമ്പകം ശ്രീലങ്കയിൽ നിന്നാണ് ഇന്ത്യയിൽ എത്തിയത്.അതിനാൽ ഈഴചെമ്പകമെന്നാണ് തെക്കൻ കേരളത്തിൽ അറിയെപ്പെടുന്നത്.
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശൻ, നടുവിൽ എടുത്ത ചിത്രം