കാണാനഴകുണ്ട് കൂളിക്കുണ്ടിലെ കുഴികൾ

നടുവിൽ: പ്രകൃതി കുഴിച്ചെടുത്ത കൂളിക്കുണ്ടിലെ കുഴികൾ കൗതുകമാവുന്നു. കുപ്പം പുഴയുടെ ഭാഗമായ വെള്ളാട് കൂളിക്കുണ്ടിലാണ് ചെറുതും വലുതുമായ പത്തിലധികം കുഴികളുള്ളത്. ഇതിൽ ഏറ്റവും വലിയ കുഴിക്ക് പന്ത്രണ്ടടിയോളം താഴ്ചയും 5 അടി വ്യാസവുമുണ്ട്.ചെത്തിമിനുക്കിയ കിണറുകളുടെ ഭംഗിയാണ് എല്ലാത്തിനും.

 മലമുകളിൽ നിന്നും  ശക്തിയിൽ ഒഴുകിയെത്തുന്ന ജലപ്രവാഹം ചുഴികളും വെള്ളച്ചാട്ടങ്ങളും തീർത്താണ് പ്രദേശത്തു കൂടി കടന്നു പോകുന്നത്.ചെറുതായി രൂപപ്പെട്ട കുഴികളിൽ തങ്ങി നിൽക്കുന്ന കല്ലുകൾ ചുഴികളിൽ പെട്ട് വട്ടത്തിൽ കറങ്ങി രൂപപ്പെട്ടുണ്ടായതാണ് ഈ കുഴികൾ.കലത്തിന്റെ ആകൃതിയാണ് ഇവയ്ക്കുള്ളത്.

മനുഷ്യൻ നിർമിച്ചതല്ലാത്തതിനാൽ  പഴയ തലമുറയിൽ പെട്ടവർ ‘കൂളി’ കുഴിച്ചതാണെന്നു കരുതി കൂളിക്കുണ്ടെന്ന്  പേരിട്ടതാണെന്നാണ് കരുതുന്നത്.ഇക്കഴിഞ്ഞ മഴക്കാലത്ത് വെള്ളം കുതിച്ചൊഴുകിയതിനെ തുടർന്ന് കുഴികളുടെ വലുപ്പവും ഭംഗിയും കൂടിയിട്ടുണ്ട്.