കരാറുകാരുടെ നിലപാടിൽ പ്രതിഷേധം ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നു

നടുവിൽ: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർമാണങ്ങളിലെ  ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയോ പരാതിപ്പെടുകയോ ചെയ്താൽ പണി പരമാവധി വൈകിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം.റോഡ്, പാലം, കലുങ്ക് തുടങ്ങിയവയുടെ പണികളാണ് വൈകിപ്പിക്കുന്നത്.

ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യം തുടങ്ങുന്ന പണികൾ തൊട്ടടുത്ത സാമ്പത്തിക വർഷം വരെ നീട്ടികൊണ്ടു പോവുകയാണ് കരാറുകാർ.ആറുമാസം പോലും വേണ്ടാത്ത നിർമാണങ്ങളാണ് ഒന്നും രണ്ടും വർഷമായിട്ടും തീരാതെ കിടക്കുന്നത്.മഴയുടെ പേര് പറഞ്ഞാണ് പല പണികളും ഇഴയുന്നത്.ഒടുവള്ളിത്തട്ട് – കുടിയാന്മല റോഡ്, മലയോര ഹൈവേയുടെ ഭാഗങ്ങൾ, കണ്ണാടിപ്പാറ-പൊക്കുണ്ട് റോഡ്, ആശാൻ കവല റോഡിലെ കലുങ്ക് നിർമാണം  തുടങ്ങിയവയെല്ലാം ഇങ്ങനെ വൈകിപ്പിക്കുകയാണ്.ഒരു വർഷം പിന്നിട്ടു കഴിഞ്ഞ പണികളാണ് മൂന്നും.വൈകുന്നതിനെക്കുറിച്ച് ചോദിച്ചാൽ കാലാവധിയുണ്ടെന്ന കാരണമാണ് പറയുക.ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിൽക്കുന്നതായി ജനങ്ങൾ പറയുന്നു.

 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് തിരക്കിട്ട് പണികൾ ചെയ്യുന്നത്.മറ്റ് സമയങ്ങളിൽ  തീരെ പണി നടക്കാതെയും ഉണ്ടാവും. കാലവർഷം തുടങ്ങാറാകുമ്പോഴായിരിക്കും മിക്ക പണികളും പൂർത്തിയാക്കുക.മഴ പെയ്യുന്നതോടെ റോഡുൾപ്പെടെ തകരാൻ തുടങ്ങും.

ആശാൻ കവല റോഡിൽ അരിക് കെട്ടിയുയർത്തി നീർച്ചാലിന് കലുങ്ക് നിർമിക്കാനുള്ള പണിയുടെ സ്ഥിതിയും മറ്റൊന്നല്ല.ഇടുങ്ങിയ റോഡിൽ ഗതാഗതം ബുദ്ധിമുട്ടായതിനാലാണ് നിർമാണം നടത്തിയതു തന്നെ.എന്നാൽ പൂർത്തിയാകാതെ കിടക്കുന്ന നിർമാണം യാത്രക്കാർക്കാകെ ദുരിതമാണ് സമ്മാനിക്കുന്നത്.റോഡിന്റെ ഒരു വശത്ത് കരിങ്കൽ പൊടി കൂട്ടിയിട്ട നിലയിലാണ്.ടാർ ചെയ്യാത്തതുമൂലം റോഡ് കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയാണ്. നേരത്തെ യാത്ര ചെയ്തതിനെക്കാൾ ബുദ്ധിമുട്ടാണ് ഇപ്പോഴെന്ന് യാത്രക്കാർ പറയുന്നു.

 കരുവഞ്ചാൽ, ആലക്കോട് ഭാഗത്തുനിന്ന് വൈതൽമലയിലേക്കും പാലക്കയത്തേക്കും സന്ദർശകർ കടന്നു പോകുന്ന റോഡു കൂടിയാണിത്. രണ്ട് കിലോമീറ്റർ ദൂരം കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ് റോഡ്.ഇവിടെ അപകട സാധ്യതയും ഉണ്ട്.

  ആറു മാസം മുമ്പ് മഴയിൽ നടത്തിയ ടാറിങ് നാട്ടുകാർ തടഞ്ഞിരുന്നു.ഇതേ തുടർന്ന് കരാറുകാർ പണി നിർത്തി പോവുകയും ചെയ്തു.ആറു മാസം പിന്നിട്ടിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അന്വേഷിക്കുന്ന വരോട് മാർച്ച് മാസം വരെ സമയമുണ്ടെന്നാണ് കരാറുകാർ പറയുന്നത്.