കന്‍സിലിന് നടക്കാന്‍ കരുണ വറ്റാത്തവര്‍ കനിയണം

നടുവില്‍: എല്ലിന് ബലക്ഷയം, രക്തയോട്ടത്തിന് തടസ്സം, ഒപ്പം അപസ്മാരവും. ഈ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുകയാണ് ആലക്കോട് രയരോത്തെ കൂവപുറത്ത് ആയിശയുടെയും കരീമിന്‍െറയും ഇളയ മകനായ 13കാരന്‍ കന്‍സില്‍. രക്തയോട്ടത്തിന്‍െറ തടസ്സം നീക്കുന്നതിന് ഇരുകാലിനും മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ഓപറേഷന്‍ നടത്തി.
എല്ലിന്‍െറ ബലക്ഷയം മാറ്റുന്നതിന് ഇരുകാലുകള്‍ക്കും ഈ മാസാവസാനം വീണ്ടും ശസ്ത്രക്രിയ നടത്തണം. എങ്കില്‍ മാത്രമേ സാധാരണ രീതിയില്‍ കന്‍സിലിന് നടക്കാന്‍ കഴിയുകയുള്ളൂ. നിലവില്‍ നടക്കുമ്പോള്‍ കാല്‍പാദം വളഞ്ഞുപോവുകയും ഇരുകാലുകളും കൂട്ടിമുട്ടുകയും ചെയ്യും. കാലുകളുടെ ശസ്ത്രക്രിയക്കുശേഷം കൈയുടെ ബലക്ഷയത്തിനും ശസ്ത്രക്രിയ നടത്തണം. കൈകളുടെ സ്വാധീനക്കുറവ് മൂലം സഹായിയെ വെച്ചാണ് പരീക്ഷ എഴുതിയത്. തലശ്ശേരി ബാലവികലാംഗ സദനത്തില്‍ താമസിച്ചാണ് കന്‍സില്‍ പഠിക്കുന്നത്.
ചികിത്സക്കായി ഇതുവരെ 80,000ത്തോളം രൂപ ചെലവായി. തുടര്‍ ചികിത്സക്ക് പണം കണ്ടത്തൊനാവാതെ വിഷമിക്കുകയാണ് കന്‍സിലിന്‍െറ കുടുംബം. സ്വന്തമായി വീടില്ലാത്ത കുടുംബം ഇപ്പോള്‍ കന്‍സിലിന്‍െറ മാതാവിന്‍െറ അനുജത്തിയുടെ വീട്ടിലാണ് താമസം. കണ്ണൂരില്‍ ഓട്ടോറിക്ഷ തൊഴിലാളിയായ പിതാവ് കരീമിന്‍െറ വരുമാനമാണ് കുടുംബത്തിന്‍െറ ഏക ആശ്രയം. മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലാതായതോടെ കണ്ണൂരില്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബം ആലക്കോട്ടേക്ക് താമസം മാറ്റുകയായിരുന്നു.
മകന്‍െറ തുടര്‍ ചികിത്സക്ക് കരുണ വറ്റാത്തവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ആലക്കോട് സ്റ്റേറ്റ് ബാങ്കില്‍ കന്‍സിലിന്‍െറ പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. A/C NO. 32283043089. ഫോണ്‍: 9605982090, 9947857358.