കണ്ണാടിപ്പാറ-പൊക്കുണ്ട് റോഡിൽ യാത്രക്കാർക്ക് ദുരിതം

ഇങ്ങനെ പോയാൽ എന്നു തീരും പണി?
നടുവിൽ:ഒരു വർഷം പണിതിട്ടും കണ്ണാടിപ്പാറ-പൊക്കുണ്ട് റോഡ് വികസനം തുടങ്ങിയിടത്തു തന്നെ. പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരം 10 കോടി രൂപയോളം ചെലവഴിച്ച് നടക്കുന്ന നിർമാണമാണ് ഒച്ചിഴയും വേഗത്തിൽ നടക്കുന്നത്.

 കണ്ണാടിപ്പാറയിൽ നിന്ന് ഇരിവള്ളൂർ വരെയുള്ള ഒരു കിലോമീറ്റർ മൺപണിയാണ് ആകെ നടന്നത്. അതു തന്നെ കരാറുകാർക്ക് തോന്നും പടിയാണെന്ന് ആക്ഷേപമുണ്ട്.

 10 കിലോമീറ്റർ ദൂരമാണ് വീതി കൂട്ടി ടാറിടാനുള്ളത്.പൊക്കുണ്ട് മുതൽ ഇരിവള്ളൂർ വരെ 4 മീറ്ററും ബാക്കി കണ്ണാടിപ്പാറ വരെ 3 മീറ്ററും വീതിയിൽ ടാറിങ് നടക്കണം.

 ഇടയിൽ ആറിലധികം കലുങ്കുകളുടെ നിർമാണം നടക്കാനുണ്ട്. തലക്കുളത്തെ തകർന്നു കിടക്കുന്ന ചെറിയ പാലവും പുതുക്കി പണിയണം. ഇതിനുള്ള ശ്രമങ്ങളൊന്നും ഇതുവരെയായി ഉണ്ടായിട്ടില്ല. ആറു മാസം മുമ്പ് പണി നിർത്തി പോവുകയായിരുന്നു കരാറുകാർ.ഒന്നിലധികം ആളുകൾ ചേർന്നാണ് ടെൻണ്ടർ എടുത്തിട്ടുള്ളത്.ഇവർ തമ്മിലുണ്ടായ തർക്കങ്ങളാണ് പണി വൈകുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

 ജില്ലാ കളക്ടർ, ഗ്രാമ പഞ്ചായത്ത് അധികൃതർ, രാഷ്ട്രീയ നേതാക്കൾ എന്നിവരൊക്കെ ഇടപെട്ടതിനെ തുടർന്ന് ഒരാഴ്ച മുമ്പ് വീണ്ടും പണി തുടങ്ങിയിട്ടുണ്ട്. അരികിൽ കയ്യാല കെട്ടുന്നതു പോലുള്ള പണികളാണ് നടക്കുന്നത്. ഇത് പോലും ക്രമപ്രകാരം നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

 നടുവിൽ – ചെങ്ങളായി – കുറുമാത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.ആദ്യകാലങ്ങളിൽ നിർമിക്കപ്പെട്ട റോഡുമാണ്.

 കണ്ണാടിപ്പാറ,കുളത്തൂർ, കൂനം, ഉണ്ണി പൊയിൽ തുടങ്ങിയ സ്ഥലങ്ങിലെ നൂറ് കണക്കിന് ആളുകൾ ഈ റോഡുവഴിയാണ് യാത്ര ചെയ്യേണ്ടത്. അഞ്ചോളം ബസ്സുകളും ഓടുന്നുണ്ട്. നിരവധി ചെങ്കൽ പണകളും റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.കല്ല് കയറ്റി പോകുന്ന ലോറികൾ തന്നെ നൂറിലേറെയുണ്ട്. വേഗത്തിൽ നിർമാണം നടന്നില്ലെങ്കിൽ അടുത്ത മഴക്കാലത്തും ടാറിങ്ങ് ജോലികൾ തീരില്ലെന്ന ആശങ്കയിലാണ് നാട്ടുകാർ.