ഏത് സമയവും ഒൗട്ട് ഓഫ് കവറേജ്; മൊബൈലുകള്‍ കഴുത്തിലണിഞ്ഞ് മാര്‍ച്ച്

നടുവില്‍: ഏത് സമയവും മൊബൈല്‍ ഫോണ്‍ ഒൗട്ട് ഓഫ് കവറേജാകുന്ന ബി.എസ്.എന്‍.എല്‍ നിലപാടില്‍ ആലക്കോട്ട് പ്രതിഷേധം വ്യാപകമാവുന്നു. മാസങ്ങളായി പ്രദേശത്ത് ബി.എസ്.എന്‍.എല്ലിന്‍െറ നെറ്റ്വര്‍ക് സംവിധാനം താറുമാറിലാണ്.
മിക്കപ്പോഴും മൊബൈല്‍ ഫോണ്‍ ഒൗട്ട് ഓഫ് കവറേജാകുന്നതാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ദുരിതമായിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നിശ്ചലമായ മൊബൈല്‍ ഫോണുകള്‍ കഴുത്തിലണിഞ്ഞ് ഒറ്റത്തൈ വികസനസമിതിയുടെ നേതൃത്വത്തില്‍ ആലക്കോട് ബി.എസ്.എന്‍.എല്‍ സബ്ഡിവിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
പ്രൈവറ്റ് കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് കവറേജ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. ബി.എസ്.എന്‍.എല്ലിന്‍െറ ഗൂഢനീക്കം സംഭവത്തിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ബ്ളോക് പഞ്ചായത്തംഗം ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. വികസനസമിതി പ്രസിഡന്‍റ് ജോസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ബിജു കുപോഴയ്ക്കല്‍, പഞ്ചായത്തംഗം സുധാകരന്‍ നായര്‍, ജോസ് ജോര്‍ജ് പ്ളാത്തോട്ടം, വിജേഷ് കോഴിക്കാമുളയില്‍, ടോമി കാഞ്ഞിരക്കാട്ടുകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തിയിരുന്നു.