ഇഴഞ്ഞാടി മുതലത്തെയ്യം

നടുവിൽ:പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ മുതലത്തെയ്യം കെട്ടിയാടി.ഇഴ ജീവികളുമായി ബന്ധപ്പെട്ട ആരാധനയുടെ ഭാഗമായാണ് തെയ്യത്തിന്റെ അരങ്ങേറ്റം.തുലാപ്പത്തിനാണ് ക്ഷേത്രത്തിൽ കളിയാട്ടം.തുടക്കം മുതൽ തീരുന്നതുവരെ ഇഴഞ്ഞാടുന്നുവെന്നതാണ്  പ്രത്യേകത.പരമ്പരാഗത തെയ്യങ്ങളുടെ വേഷങ്ങളിൽ നിന്നും മുതലത്തെയ്യം വ്യത്യസ്തമാണ്.കവുങ്ങിന്റെ പച്ച പട്ടയും പാളയുമാണ് കുരുത്തോലയ്ക്ക് പകരം ഉപയോഗിക്കുന്നത്. ഭക്തരെ അനുഗ്രഹിക്കുന്നത് നിലത്ത് കിടന്നു കൊണ്ടാണ്.

സമയം തെറ്റി പൂജയ്ക്കെത്തുന്ന പൂജാരിയെ പുഴകടക്കാൻ സഹായിച്ച മുതലയുമായി ബന്ധപ്പെട്ടാണ് തെയ്യത്തിന്റെ ഐതിഹ്യം.തൃപ്പണ്ടാറത്തമ്മ മുതലയായി വന്നാണ് പൂജ മുടങ്ങാതാക്കിയതെന്നാണ് വിശ്വാസം.

 ഇഴജീവികളുടെ ശല്യത്തിൽ നിന്ന് രക്ഷനേടുന്നതിനും ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കുന്നതിനുമാണ് തെയ്യത്തിന് നേർച്ച നേരുന്നത്.അപൂർവ തെയ്യമായതിനാൽ ഒട്ടേറെയാളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.മാവിലൻ സമുദായത്തിൽ പെട്ടവരാണ് തെയ്യം കെട്ടിയാടുന്നത്.

 തലക്കുളം ഭാസ്കരനാണ് ഇത്തവണ തെയ്യം കെട്ടിയത്.എം.മാധവൻ, തലക്കുളം അശോകൻ, തലക്കുളം ശശിധരൻ,വിനു നടുവിൽ, തലക്കുളം നാരായണൻ,ടി.ശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.