ആലക്കോട് ഏരിയാ സമ്മേളനം ഞായറാഴ്ച തുടങ്ങും

നടുവില്‍ : ധീര രക്ത സാക്ഷി സി എ ജോസിന്റെ ചുട് ചോര വീണ് ചുവന്ന മണ്ണിൽ സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനം ഞായറാഴ്ച തുടങ്ങും. രാവിലെ പത്തിന് പി വി ബാലഗോപാലൻ നഗറിൽ (ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂളിൽ) പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്യും. എം വി ജയരാജൻ, എം സുരേന്ദ്രൻ, വി നാരായണൻ, വത്സൻ പാനോളി, കെ എം ജോസഫ് എന്നിവർ സംസാരിക്കും. 10 ലോക്കലുകളിൽ നിന്നായി 135 പ്രതിനിധികളും 17 ഏരിയാകമ്മറ്റി അംഗങ്ങളുമുൾപ്പടെ 152 പേർ പങ്കെടുക്കും.
22ന് വൈകിട്ട് ചുവപ്പ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരക്കുന്ന ബഹുജന പ്രകടനം നടക്കും. ടി ഗോവിന്ദൻ നഗറിൽ (ചപ്പാരപ്പടവ് ടൗൺ) പൊതുസമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളന നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ കുഞ്ഞിക്കോരൻ പതാക ഉയർത്തി.
ആർഎസ്എസ്സുകാരുടെ കൊലക്കത്തിക്കിരയായ രക്തസാക്ഷി മാമ്പളത്തെ പുതുശ്ശേരി രാജീവന്റെ ശവകുടീരത്തിൽനിന്ന് പതാക ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം ജോസഫ് ജാഥാ ലീഡർ ടി പ്രഭാകരന് കൈമാറി. തോമസ് തേക്കാനം അദ്ധ്യക്ഷനായി. പി കെ മണി സ്വാഗതം പറഞ്ഞു. കൊടിമരം ഉദയഗിരിയിൽ നിന്ന് ആലക്കോട് ഏരിയാ സെക്രട്ടറി എം കരുണാകരൻ പി വി ബാബുരാജിനെ ഏല്പിച്ചു. എൻ എം രാജു അദ്ധ്യക്ഷനായി. വി ടി ചെറിയാൻ സ്വാഗതം പറഞ്ഞു. ദീപശിഖ അടിയന്തിരാവസ്ഥയിൽ ചപ്പാരപ്പടവ് ടൗണിൽ കോൺഗ്രസ് ഗുണ്ടകളുടെ അടിയേറ്റ് മരിച്ച സി എ ജോസിന്റെ എടക്കോത്തെ സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ കമ്മറ്റിയംഗം കെ കുഞ്ഞപ്പ ജാഥാലീഡർ പി വി രാമചന്ദ്രന് കൈമാറി. പി എം മാത്യു അദ്ധ്യക്ഷനായി. പി ശശി സ്വാഗതം പറഞ്ഞു. തുടർന്ന് മൂന്ന് ജാഥകളും വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി അതലറ്റുകളുടെയും ചുവപ്പ് വളന്റിയർമാരുടെയും നിരവധി ബൈക്കുകളുടെയും അകമ്പടിയോടെ പി വി ബാലഗോപാലൻ നഗറിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയായ ടി ഗോവിന്ദൻ നഗറിലെത്തി.
പതാക ഉയർത്തൽ ചടങ്ങിൽ സ്വാഗത സംഘം കൺവീനർ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം ജോസഫ് സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം കെ കുഞ്ഞപ്പ, ഏരിയ സെക്രട്ടറി എം കരുണാകരൻ എന്നിവർ പങ്കെടുത്തു