ആട്ടുകുളം, തൃക്കോവിൽ റോഡിൽ ദുരിതം

റോഡുകൾ തോടായി
ഒഴുകിയെത്തുന്നത് മലയോര ഹൈവേയിലെ ഓവുചാലിലെ വെള്ളം
നടുവിൽ: കനത്തമഴയിൽ ഒഴുകിയെത്തുന്ന വെള്ളം രണ്ട് റോഡുകളെ തോടാക്കി മാറ്റി.നടുവിൽ ഹൈസ്ക്കൂൾ – ആട്ടുകുളം റോഡും തൃക്കോവിൽ ക്ഷേത്രം റോഡുമാണ് ഇവ.

 മലയോര ഹൈവേയിലെ ഓവുചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണിത്. മാലിന്യങ്ങൾ നിറഞ്ഞതായതിനാൽ റോഡിലൂടെയുള്ള കാൽനടയാത്രക്കാർ ദുരിതത്തിലായിട്ടുണ്ട്.ഒരു കിലോമീറ്ററിലധികം ഇരു വശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണിത്.  മഴവെള്ളം ഒഴുകി പോകുന്ന ചാലുകളിലേക്ക് കലുങ്കുകളിൽ നിന്ന്  തുറന്നു വിട്ടതോടെ വലിയ അളവിലുള്ള വെള്ളം റോഡു വഴി ഒഴുകുന്നതായി നാട്ടുകാർ പറയുന്നു.

 ആട്ടുകുളം റോഡുവഴി സ്കൂൾ, മദ്രസ വിദ്യാർഥികൾക്ക് നടന്നു പോകാൻ പറ്റുന്നില്ല. മലിന ജലം വീടുകളുടെ മുറ്റത്തേക്ക്  ഒഴുകിയെത്തുന്നതും ദുരിതമായിട്ടുണ്ട്.നടുവിൽ ടൗണിൽ നിന്നുൾപ്പെടെ എത്തുന്ന വെള്ളമാണിത്.ഈ വെള്ളം പോത്തുകുണ്ട് റോഡരികിലൂടെ ഒഴുക്കി കൊണ്ടു പോകുന്നത് ചിലർ തടഞ്ഞതിനാൽ ആട്ടുകുളത്തേക്ക് തന്നെയാണ്  ഒഴുകി കൊണ്ടിരിക്കുന്നത്.

 തൃക്കോവിൽ ക്ഷേത്രം റോഡിലൂടെ  വരുന്ന വെള്ളം ക്ഷേത്ര മുറ്റത്ത് കെട്ടി നിൽക്കുകയാണ്. ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് ഇതുമൂലം പ്രയാസം നേരിടുകയാണ്.

 ഒടുവള്ളി – കുടിയാന്മല റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലം താവുന്ന് കവലയിലെ ഒരു വീടിന്റെ മുറ്റത്തേക്കാണ് ഓവുചാലിൽ നിന്നും വെള്ളം എത്തുന്നത്. ഉച്ചക്ക് ശേഷം കനത്ത മഴയാണ് മലയോര മേഖലയിൽ ഏതാനും ദിവസമായി പെയ്യുന്നത്.