കൃഷികളിലെ രോഗബാധ കേന്ദ്ര സംഘം പരിശോധന നടത്തി

നടുവിൽ: കാർഷിക വിളകളിൽ രോഗ ബാധ ശ്രദ്ധയിൽ പെട്ട പ്രദേശങ്ങളിൽ കേന്ദ്ര സംഘം പരിശോധന നടത്തി.പ്രളയക്കെടുതി മൂലവും ശക്തമായ മഴ മൂലവും കൃഷി നാശമുണ്ടായ സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. പാത്തൻ പാറ, കനകക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്.കർഷകരുമായും കൃഷിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ സംഘമാണ് പoനത്തിനെത്തിയത്. കോഴിക്കോട് കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.സി.കെ.തങ്കമണി, ഡോ.ജയശ്രി, ടെക്നിക്കൽ അസിസ്റ്റൻറ് സനൽ എന്നിവർ നേതൃത്വം നൽകി.

 ജാതി, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ, കുരുമുളക് കൃഷികളെ ബാധിച്ച രോഗങ്ങളാണ് പരിശോധിച്ചത്.ഈ പ്രദേശങ്ങളിലെ മണ്ണ് പരിശോധിച്ച് രോഗ പ്രതിരോധത്തിനുള്ള മാർഗങ്ങൾ കർഷകർക്ക് നിർദേശിച്ചു.

 നടുവിൽ കൃഷി ഓഫീസർ ഡിക്സൺ ദേവസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.വി.അമ്മിണി, ബിന്ദു അനിൽ എന്നിവരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു.

രോഗ പ്രതിരോധ നിർദേശങ്ങൾ

ജാതി

തോട്ടങ്ങളിൽ വായു സഞ്ചാരം ഉറപ്പുവരുത്തുക

ഉണങ്ങിയ കമ്പുകൾ വെട്ടിമാറ്റി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക

പൂപ്പൽ ബാധയുള്ള ഭാഗത്തെ തൊലി ചെത്തി മാറ്റി ബോർഡോ മിശ്രിതം കുഴമ്പ് പുരട്ടുക

കുരുമുളക്

പൂർണമായും നശിച്ച കുരുമുളക് ചെടി പിഴുതുമാറ്റി ഇലകൾ ഉൾപ്പെടെ നശിപ്പിക്കുക

രോഗം ബാധിക്കാത്ത കുരുമുളക് ചെടിക്ക് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക

രോഗം ബാധിക്കാത്ത ചെടികളുടെ ചുവട്ടിൽ ചാണകത്തിൽ വളർത്തിയെടുത്ത ഡ്രൈക്കോഡർമ ജീവാണുവളം ചേർക്കുക

രോഗം ബാധിച്ചു തുടങ്ങിയ ചെടികൾക്കും ബാധിക്കാത്തതിനും അക്കോമിൻ ( പൊട്ടാസ്യം ഫോസ്ഫഫണേറ്റ്) 4-5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിച്ചു കൊടുക്കുക.
ജാതിക്കും കുരുമുളകിനും രോഗബാധ കൂടുതൽ

 ജാതി മരങ്ങൾക്ക് കമ്പുണക്കം, ഇല കൊഴിച്ചാൽ, മുടിക്കെട്ട് രോഗങ്ങളാണ് കണ്ടെത്തിയത്. കുരുമുളകിന് ദ്രുതവാട്ട രോഗം വ്യാപകമാണ്.

40 total views, 2 views today